പ്രിയ ആമി

പ്രിയ ആമി നീയറിയുന്നുവോ ?
നിന്റെ തെളിനീരുറവപോൽ 
വിശുദ്ധമാം സ്നേഹത്തെ 
അഞ്ജതമൂലം നഷ്ടപ്പെടുത്തിയ 
പെക്കിനാക്കൾ കാണുന്നൊരു 
മകൾ നിനക്കുണ്ട് .

നാലപ്പാട്ടെ ബാല്യത്തിൽ 
നീ പ്രണയിച്ച ചന്ദ്രന്റെ 
ഒരു നോക്കിനായി 
മണ്‍പുറ്റ് തകർന്നപൊൽ -
തകർന്ന എൻ തറവാട്ടിലേക്ക് 
ഞാനും പോയി .

നിന്നെ തേടി ഞാൻ അവിടെ,
നിവരാൻ ശ്രമിക്കുന്ന മണ്‍കൂനയിൽ 
ഉയിർതെഴുനീൽപ്പിന്റെ 
അഗ്നിയാം നിന്നെ കാണാൻ 
പക്ഷെ ഞാൻ ആളായിരുന്നില്ല.

പിന്നെ നിന്നെ ഞാൻ കണ്ടത് 
വിപ്ലവത്തിന്റെ സിന്ദൂരമണിഞ്ഞ 
വാത്സല്യവും വിദ്വേഷവും, ഒരു -
കണ്ണുനീർ തുള്ളിയായി പേറിയ 
സ്ത്രീ സൗന്ദര്യമായിട്ടാണ് .

നീ കണ്ട ആരെങ്കിലും നിന്നെ കണ്ടിരുന്നോ?
നീ കണ്ട മനുഷ്യരിലൂടെ ഞാൻ പഠിച്ചു 
നീലകുറുക്കൻ വിശുദ്ധനാണ് .
നിന്റെ ആത്മാവിനെ വലിച്ചുകീറി 
അതിൽ നിന്നിറ്റ നിന്റെ വിപ്ലവത്തിന്റെ 
രക്തം കുടിച്ചവരെ ഞാൻ 
ഒരായിരം വട്ടം കൊന്നിരിക്കുന്നു.

പ്രിയ ആമി, ലോകം 
എത്രത്തോളം ഭീകരമാണ് 
നിന്റെ ചോരയിൽ അവർ നീരാടി 
നിന്റെ വിപ്ലവത്തെ അവർ 
കരിഓയിൽ ഒഴിച്ച് കറുപ്പിച്ചു 
നിന്റെ ഭാഷ്യങ്ങളെ അവർ 
മുൾവേലിയിൽ കെട്ടിയിട്ടു .

സാഗരം പോൽ അനന്ദമാം 
നിൻ സ്നേഹത്തെ അവർ 
സദാചാരം പറഞ്ഞു വറ്റിച്ചു 
എന്നിട്ടും നീ തളർന്നില്ലല്ലോ ആമി?
അന്ന് അക്ഷരമുറ്റതെത്തിപ്പെടാത്ത 
ഞാനിന്ന് നിനക്കായ്‌ ഒരു 
തുള്ളി കണ്ണുനീർ പൊഴിച്ചുകൊള്ളട്ടെ ?

പ്രണയവും, പ്രേമവും എന്നെ 
പഠിപ്പിച്ച എന്റെ പ്രിയ ആമി 
വാത്സല്യവും, സ്നേഹവും എനിക്ക് 
പകർന്നു തന്ന എന്റെ ആമി 
എന്നെ ഞാനാക്കിയ എന്റെ അമ്മേ ,

നീ ഒളിപ്പിച്ചു വച്ച  ആരും കാണാത്ത 
ആ ചിറകുവിടർത്തി നീ പറന്ന--
-കന്നപ്പോൾ ഞാനറിഞ്ഞു 
മരണത്തിന്റെ പര്യായമാണ് സഹതാപമെന്ന് .

പ്രിയ ആമി , നീ രക്ഷപ്പെട്ടിരിക്കുന്നു ,
ലോകം നീ കണ്ടതിനേക്കാൾ ഭീകരമായിരിക്കുന്നു 
പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും 
അർത്ഥം മാറിയിരിക്കുന്നു .
നിന്റെ ഹൃദയത്തെയും അക്ഷരത്തെയും 
കീറി മുറിച്ചവർ  ഇന്ന് 
വടവൃക്ഷം പോൽ വളർന്നിരിക്കുന്നു 
വെട്ടിയാലും പിഴുതാലും മണ്ണ് വിട്ടുപോകാത്തവർ 

നിന്നെ കറുപിച്ച കരിഓയിൽ 
ഇന്ന് ലോകത്തെ കറുപ്പിചിരിക്കുന്നു 
നാലപ്പാട്ടെ ചന്ദ്രനിന്ന് വത്സല്യമില്ല 
സൂര്യനിന്ന് വെളിച്ചമില്ല 
സന്ധ്യയിൽ ഇന്ന് പ്രണയമില്ല .

ആമി, നിന്നിലേക്കാണ് എന്റെ യാത്ര 
പ്രക്ഷുബ്ദമായ കടലിലേക്ക്‌ 
വന്നെത്തുന്നൊരു നദിപൊൽ 
അനന്തതയെ പുണരുന്ന നിൻ 
മാറിൽ തലചായ്ക്കാൻ 
ഒരു തുള്ളി വാത്സല്യ കണ്ണുനീരിൽ 
എന്റെ പ്രതിബിംബം കാണാൻ 
ശാന്തമായി പദ്മനാഭനെ താരാട്ടുന്ന 
ആയിരം തലയുള്ള ആദിശേഷന്റെ 
നിറമുള്ള നിന്റെ കാർകൂന്തലിന്റെ
ഇരുട്ടിൽ എന്റെ മനസ്സിനെ ഒളിപ്പിക്കാൻ 

പ്രണയത്തിന്റെ പടനായികേ 
വാത്സല്യത്തിന്റെ അമ്മേ 
പേക്കിനാവ് കാണുന്ന നിന്റെ മകളെ 
ഈ കറുത്ത ഭൂപടത്തിൽ നിന്ന് 
നീ എന്ന് രക്ഷിക്കും?
പ്രിയ ആമി, നീ എന്ന് രക്ഷിക്കും ?

Comments